Monday, January 13, 2014

Kejriwal - the impact after meeting Mother teresa .. (in Malayalam)


കേജരിവാളിലെ ക്രിസ്തു പാരമ്പര്യം


ഫാ.ബിജു പി തോമസ്‌


സമാനതകിളില്ലാത്ത രാഷ്ട്രീയ പാരമ്പര്യം ആണ് അരവിന്ദ് കേജരിവാൾ ഭാരതത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ഭാരതത്തിൻറെ തലസ്ഥാന നഗരിയിൽ സംജാതമായ രാഷ്ട്രീയ ആവേശം മറ്റു സംസ്ഥാനങ്ങളിലേക്കും പരക്കുന്ന അവസ്ഥ. ശാന്തമായ തടാകത്തിൻറെ മദ്ധ്യ ഭാഗത്തായി സൃഷ്ടിക്കപ്പെടുന്ന ഇളക്കം ചുറ്റുപാടും പരക്കുന്നതുപോലെ. ഭാരതത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായി മൂന്നു രക്ഷകർ ഉയർന്നു വരുന്നു. ആരുടെ കൂടെ ജനം പോകും? കണ്ടറിയാം.
നേതൃത്വം ഇല്ലാതെ വിഷമിക്കുന്ന അവശരെ സേവിക്കുവാൻ കേജരിവാളിൽ തീ കോരിയിട്ടത് മദർ തെരേസ്സ എന്നത് നമ്മെ ചിന്തിപ്പിക്കുന്നു. ജനസേവനം ആണ് ജീവിതത്തിന്റെ ലക്‌ഷ്യം എന്ന് മനസ്സിലാക്കി കൽകട്ടായിൽ എത്തി മദറിനെ കണ്ട കേജരിവാളിനോട് കാളിഘട്ടിലെ കേന്ദ്രത്തിൽ പ്രവർത്തിക്കുവാൻ ആവശ്യപ്പെട്ടു. രണ്ടു മാസം അവിടെ പ്രവർത്തിച്ചു. അത്തരത്തിൽ കേജരിവാളിന്റെ അവശ മനുഷ്യരോടുള്ള സ്നേഹം ക്രിസ്തു പരമ്പരയിൽ നിന്നുമാണെന്നത് കോൾമയിർ കൊള്ളിക്കുന്ന അനുഭവം ആണ്. അഗ്നി പടരുന്നതുപോലെ സ്നേഹിക്കുവാനുള്ള ആവേശം.

കേജരിവാളിൽ യുവജനങ്ങളും സാധാരണക്കാരും പ്രതീക്ഷ അർപ്പിച്ചപോലെ തോന്നുന്നു സമീപകാല സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ. അദ്ദേഹത്തിൻറെ ബലം സാധാരണക്കാരുടെ പിന്തുണയാണ്‌. താൻ സാധാരണക്കാരുടെ ശബ്ദം ആണെന്നു സാധാരണക്കാരെ ബോധിപ്പിക്കുവാൻ സാധിച്ചു എന്നതാണ് ശരി. അദ്ദേഹത്തിൻറെ മുഖ്യമന്ത്രിപദം ഏറ്റെടുത്തു അസംബ്ലിയിൽ നടത്തിയ പ്രഥമ പ്രസംഗം വളരെ ഹൃദയ സ്പർ ശിയാണ്. അദ്ധേഹത്തിന്റെ വാക്കുകൾ ജനം വിശ്വസിച്ചു. ഇപ്പോൾ ബോൾ അദ്ധേഹത്തിന്റെ കോർട്ടിൽ ആണ്. മുൻപ് ആശ നൽകിയവർ എല്ലാം ജനങ്ങളെ ചതിച്ചു. തൻകാര്യം നോക്കി പോയി. ഭാരതത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതപരമായ ചുറ്റുപാടിൽ എത്ര എളുപ്പം ശുദ്ധീകരണം സാധ്യമാകും എന്നറിയില്ല. ഒരു പ്രത്യേകമായ പ്രത്യയ ശാസ്ത്രം ഇല്ലായ്മ ഒരു പോരായ്മയാണ്. പിന്നൊരു കാര്യം ഉള്ളത് പ്രത്യയ ശാസ്ത്രാടിത്തറയുള്ളവർക്കും ഒന്നും ചെയുവാൻ കഴിഞ്ഞിട്ടില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിനുള്ള ആഗ്രഹങ്ങളും ആണ് ഇവിടെ പ്രത്യയ ശാസ്ത്രം.

ജനങ്ങൾക്ക്‌ ജലവും കറണ്ടും നല്കി ഖജനാവിലെ പണം ഊറ്റിക്കുടിക്കുന്ന വ്യവസായികളായ മൂട്ടകൾ ജനക്ഷേമ പരമായ കാര്യങ്ങളെ നടപ്പിലാക്കുന്നത് തടയുന്നത്‌ പ്രതിരോധിക്കുന്നത് മുതൽ ഇത്തരം സർക്കാരുകൾക്ക് മുൻപിലെ വൻ പ്രതിബന്ധങ്ങളാണ്. താഴെ ഇടാനും ഉയർത്താനും കെൽപ്പുള്ള പരിചയ സമ്പന്നരായ രാഷ്ടീയ – ഉദ്യോഗസ്ഥ വൃന്ദങ്ങളും മറുപക്ഷത്തുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകളിൽ സാധുക്കളെ സംബന്ധിച്ച ഒരു അഗ്നി ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്നുള്ളത് ആശ നൽകുന്നു.

"സാധാരണക്കാരന്‍ ആരാണ്? ഇവിടെ ബഹുമാനപ്പെട്ട ഒരു അംഗം പറഞ്ഞു, തെരുവില്‍ കഴിയുന്നവനാണ് സാധാരണക്കാരന്‍.. കടലയും റൊട്ടിയും വില്‍ക്കുന്നവനാണ് സാധാരണക്കാരന്‍. ചായത്തട്ട് ഇടുന്നവനാണ് സാധാരണക്കാരന്‍. തീര്‍ച്ചയായും, അവന്‍ സാധാരണക്കാരാണ്. എന്നാല്‍ ഒരുപക്ഷേ ബിജെപി ഈ രാജ്യത്തിലെ ബാക്കി ജനങ്ങളെ സാധാരണക്കാരായി കണക്കാക്കുന്നില്ല. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഈ രാജ്യത്തെ മധ്യവര്‍ഗത്തിലെ ആളുകളെയും സാധാരണക്കാരായി കാണുന്നു. ഈ രാജ്യത്ത് സത്യസന്ധമായ പ്രവര്‍ത്തന സംവിധാനം ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളെയും സാധാരണക്കാരായി കാണുന്നു. ആരാണോ ഇന്ന് ഈ രാജ്യത്ത് സത്യസന്ധതയില്ലാതെ സംവിധാനം ആഗ്രഹിക്കുന്നത്, അത്തരത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്, അവരുടെ കൈയില്‍ പണമുണ്ടായിരുന്നാലും ഇല്ലെങ്കിലും അവര്‍ പ്രധാനികളാണ്. എന്നാല്‍ ആരാണോ ഈ രാജ്യത്തിനകത്ത് സത്യസന്ധമായ സംവിധാനം ആഗ്രഹിക്കുന്നത് അവരാണ് സാധാരണക്കാരന്‍, അവര്‍ ഗ്രേറ്റര്‍ കൈലാസത്തില്‍ വസിച്ചാലും കുടിലില്‍ വസിച്ചാലും.
ബഹുമാനപ്പെട്ട അധ്യക്ഷന് മുന്നില്‍ ഞാന്‍ ഈ രാജ്യത്തെ സാധാരണക്കാരന്റെ വിഷമതകള്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പറയും. എന്റെ വാക്കുകള്‍ ഒരു വ്യക്തിയെയും ഉദ്ദേശിച്ചുള്ളതല്ല. ഒരു പാര്‍ട്ടിയെയും ഉദ്ദേശിച്ചുള്ളതല്ല. ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയോടും വിദ്വേഷമില്ല. ഞങ്ങള്‍ ഇവിടെ പാര്‍ട്ടികളുടെ രാഷ്ട്രീയം കളിക്കാനല്ല വന്നിരിക്കുന്നത്. ഞാന്‍ ഇന്ന് ഇവിടെ സര്‍ക്കാരുണ്ടാക്കാനോ സര്‍ക്കാരിനെ രക്ഷിക്കാനോ അധികാരത്തില്‍ വരാനോ അല്ല നില്‍ക്കുന്നത്.

ഞങ്ങള്‍ 28 പേര്‍ ആരാണ് ? ഇവിടെ വന്ദനയുണ്ട്. എന്തിനായിരുന്നു അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ആവശ്യമുണ്ടായിരുന്നത്. അവര്‍ ഒരു വീട്ടമ്മയാണ്. എന്തിനാണ് അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പുറകില്‍ അഖിലേഷ് മണി ത്രിപാഠി, ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു. എന്താവശ്യത്തിനായിരുന്നു അദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ? ധര്‍മേന്ദര്‍ കോഹ്ലി, അദേഹത്തിന്റെ സഹോദരി കൊല്ലപ്പെട്ടു, ആ സഹോദരി രക്തസാക്ഷിയായി. ഞങ്ങള്‍ എല്ലാവരും പുറത്തു നിന്നുള്ളവരായിരുന്നു. സാധാരണക്കാരായിരുന്നു. ഞങ്ങളെല്ലാം വളരെ ചെറിയ ആളുകളാണ്. പാവങ്ങളാണ്. ഞങ്ങള്‍ക്ക് നിലയും വിലയുമില്ല. ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന. ജീവിതത്തില്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല പാര്‍ട്ടിയുണ്ടാക്കുമെന്ന്. എന്നാല്‍ ഇന്ന് ഈ സഭ ആലോചിക്കണം, ഈ രാജ്യത്തെ സാധാരണക്കാരന് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ആവശ്യം എങ്ങനെ വന്നു.

ഈ രാജ്യത്തെ സാധാരണക്കാരന്‍ എന്താണ് ആഗ്രഹിക്കുന്നത്? ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നു, രണ്ടു നേരത്തെ ആഹാരം കിട്ടണമെന്ന്. ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നു അവന് ശരീരം മറയ്ക്കുന്നതിന് വസ്ത്രം കിട്ടണമെന്ന്. ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നു അവന്റെ തലയ്ക്ക് മുകളില്‍ മേല്‍ക്കൂര ഉണ്ടാകണമെന്ന്. പിന്നെ അവന്റെ വീട്ടില്‍ വെള്ളവും വൈദ്യുതിയും ഉണ്ടാകണമെന്ന്. ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നു അവന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന്. ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നത് അവന്റെ വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ ചികിത്സിക്കാന്‍ കഴിയണമെന്ന്. ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നത് അവന്റെ കുട്ടികളും കുടുംബവും സുരക്ഷിതരായിരിക്കണമെന്ന്. സുരക്ഷയാണ് ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നത്. ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നു, ഒരു നല്ല നീതി വ്യവസ്ഥ. ഇത് മാത്രമാണ് ഈ രാജ്യത്തെ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ ഇന്ന് 65 വര്‍ഷത്തില്‍ അവര്‍ക്ക് ആ സംവിധാനം ലഭിച്ചില്ല. എന്തു കൊണ്ട് ലഭിച്ചില്ല. ഇത് ചിന്തിക്കേണ്ടത് ആവശ്യമാണ്. നമ്മള്‍ എല്ലാവരും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ കോണ്‍ഗ്രസ്, ബിജെപി, ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയമില്ല. നമ്മള്‍ എല്ലാവര്‍ക്കും ചിന്തിക്കേണ്ടതാണ്, കഴിഞ്ഞ 65 വര്‍ഷങ്ങളില്‍ ഈ രാജ്യത്തെ സാധാരണക്കാര്‍ അവരുടെ ആറ്-ഏഴ് ആവശ്യങ്ങള്‍ എന്തു കൊണ്ട് ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഞാന്‍ വായിച്ചു, ഡല്‍ഹിയില്‍ രണ്ടു പേര്‍ തണുപ്പു കാരണം മരിച്ചു. ഇതില്‍ രാഷ്ട്രീയത്തിന്റെ ആവശ്യമില്ല. എന്നാല്‍ നമുക്ക് എല്ലാവരും ചേര്‍ന്ന് ചിന്തിക്കണം , ഈ സഭയിലുള്ളവരും ഡല്‍ഹിയിലുള്ളവരും എല്ലാവരും ചേര്‍ന്ന് ചിന്തിക്കണം, സ്വാതന്ത്രത്തിനു ശേഷം ഇന്നുവരെ എത്രയോ കോടികള്‍ ചെലവായി, ആ പണം ശരിയായി ചെലവായിരുന്നുവെങ്കില്‍ ഈ രാജ്യത്തെ സാധാരണക്കാരുടെ ചെറിയ ആവശ്യങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ആ പണം എങ്ങോട്ടു പോയി ? അതാണ് ഈ രാജ്യത്തെ സാധാരണക്കാരന്‍ ചോദിക്കുന്നത്. ആ പണം മുഴുവന്‍ എവിടെ പോയി, അത് നമ്മുടെ മുഴുവന്‍ ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തിന് ബലികൊടുത്തു. ഈ രാജ്യത്തിന്റെ രാഷ്ട്രീയം കളങ്കപ്പെട്ടു, ഇത് നമ്മള്‍ സമ്മതിച്ചേ തീരൂ. ഈ രാജ്യത്തിന്റെ രാഷ്ട്രീയം ഇല്ലാതായിരിക്കുന്നു, കുറ്റകൃത്യം നിറഞ്ഞതായിരിക്കുന്നു. ഇന്ന് ഈ രാജ്യത്തിന്റെ വിദ്യാഭ്യാസം മോശമാണ്. കാരണം രാഷ്ട്രീയം മോശമാണ്. ഇന്ന് ആരോഗ്യം മോശമാണ്. കാരണം രാഷ്ട്രീയം മോശമാണ്. ഇന്ന്, വെള്ളം, വൈദ്യുതി, റോഡ് എന്നിവ മോശമാണ് കാരണം രാഷ്ട്രീയം മോശമാണ്. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഈ രാജ്യത്തിന്റെ രാഷ്ട്രീയം നന്നാക്കേണ്ടിയിരിക്കുന്നു.

സാധാരണക്കാരന്റെ ജീവിതം ഒരുപാട് കഷ്ടത നിറഞ്ഞതായപ്പോള്‍ രണ്ടു വര്‍ഷം മുന്‍പ് ഈ രാജ്യത്തിലെ സാധാരണക്കാര്‍, സാധാരണ വീട്ടമ്മമാര്‍, സാധാരണ കുട്ടികള്‍ ,സാധാരണ വൃദ്ധര്‍ എല്ലാവരും റോഡിലിറങ്ങി സമരം ചെയ്തു. എന്നിട്ട് നേതാക്കളോട് പറഞ്ഞു, അഴിമതിയ്‌ക്കെതിരെ നിയമം നിര്‍മ്മിക്കൂ, അഴിമതിക്കാരെ ജയിലിലടക്കൂ എന്നാല്‍ ഈ രാജ്യത്തെ നേതാക്കന്മാര്‍ അവരെ ചെവിക്കൊണ്ടില്ല. ഈ രാജ്യത്തെ നേതാക്കന്മാര്‍ അവരെ വെല്ലുവിളിച്ചു, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കാണിക്ക്, സ്വയം നിയമസഭയില്‍ വന്ന് സ്വയം നിയമമുണ്ടാക്കി കാണിക്ക് എന്ന്. അവര്‍ക്ക് തോന്നി ഈ രാജ്യത്തെ സാധാരണക്കാര്‍ മരിച്ചവരാണ്, ചവിട്ടി അരയ്ക്കപ്പെട്ടവരാണ്. അവര്‍ എങ്ങനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്. ഇവര്‍ നമ്മുടെ മുന്നില്‍ എങ്ങനെ എണീറ്റു നില്‍ക്കും. നമ്മുടെ അടുത്ത് ഇത്രയും പണമുണ്ട്, ഇത്രയും കായികബലമുണ്ട്. ഈ രാജ്യത്തെ സാധാരണക്കാര്‍ എന്ത് തിരഞ്ഞെടുപ്പ് മത്സരിക്കാനാണ്. എന്നാല്‍ ഈ രാജ്യത്തെ നേതാക്കള്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ചെയ്തത്. അവര്‍ മറന്നു പോയി.

ഈ രാജ്യത്തെ വയലുകളില്‍ സാധാരണക്കാരനാണ് കലപ്പ ഉഴുവുന്നത്, നേതാക്കളല്ല. ഈ രാജ്യത്തെ സാധാരണക്കാരനാണ് വസ്ത്രമുണ്ടാക്കുന്നത്, നേതാക്കളല്ല. ഈ രാജ്യത്തെ സാധാരണക്കാരനാണ് കെട്ടിടമുണ്ടാക്കുന്നത്, നേതാക്കളല്ല. ഈ രാജ്യത്തെ സാധാരണക്കാരനാണ് ഓട്ടോ ഓടിക്കുന്നത്, നേതാക്കളല്ല. ഈ രാജ്യത്തെ സാധാരണക്കാരനാണ് ചന്ദ്രനില്‍ പോകുന്നത്, നേതാക്കളല്ല. ഈ രാജ്യത്തെ സാധാരണക്കാരന്‍ ഗവേഷണം നടത്തുന്നു, നേതാക്കളല്ല. ഈ രാജ്യത്തെ സാധാരണക്കാരനു മുന്നില്‍ വേറെ ഒരു വഴിയും ഇല്ലാതെ വന്നപ്പോള്‍ ആ സാധാരണക്കാരന്‍ തീരുമാനിച്ചു, ശരി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചും കാണിക്കാം. പണം ഇല്ലായിരുന്നു. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിനെതിരെ പോരാടുകയാണ്, കള്ളപ്പണം സ്വീകരിക്കാന്‍ കഴിയില്ല. പോരാട്ടം രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്നതിനായിരുന്നു. ഇതിനാല്‍ തീരുമാനമെടുത്തു, തോറ്റാലും ജയിച്ചാലും സത്യത്തിന്റെ കൂട്ട് വിടില്ല. സത്യത്തിന്റെ വഴിയില്‍ പോരാട്ടത്തിന് തുടക്കമായി. ഒരു അസംഭവ്യമായ പോരാട്ടമായിരുന്നു. ആരാണ് ചിന്തിച്ചത് ഒരു വര്‍ഷം പഴക്കമുള്ള ഒരു പാര്‍ട്ടി 28 സീറ്റുകള്‍ ജയിക്കുമെന്ന്. ആരും ചിന്തിച്ചില്ല. അസംഭവ്യമായിരുന്നു. ജയിക്കാനുള്ള സാധ്യത പൂജ്യമായിരുന്നു. നേതാക്കള്‍ ഞങ്ങളെ കളിയാക്കുമായിരുന്നു. എന്നാല്‍ പറയില്ലേ, ആര്‍ക്കാണോ ആരുമില്ലാത്തത് അവര്‍ക്ക് ദൈവമുണ്ടെന്ന്. ഭഗവാന്‍, ഈശ്വര്‍, അല്ലാഹ്, വാഹെ ഗുരു ഇവര്‍ നിസഹായരുടെ കൂടെയാണുള്ളത്. സത്യത്തിന് തോല്‍ക്കാന്‍ കഴിയില്ല. ഡിസംബര്‍ നാലിനും എട്ടിനും അത്ഭുതം സംഭവിച്ചു. സാധാരണക്കാരന്‍ ജയിച്ചു. ഞാന്‍ ആദ്യം ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ എനിക്ക് ഉറപ്പായി ദൈവമുണ്ട്. എവിടെയോ എന്തോ ഉണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ ഈ രാജ്യത്ത് നിന്നും അഴിമതി രാഷ്ട്രീയത്തെ തുടച്ചു നീക്കാനുള്ള ദിശയില്‍ ആദ്യ ചുവട് വയ്ക്കാനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ്. ഇന്ന് ഈ സഭയ്ക്ക് മുന്നിലുള്ള ചോദ്യമിതാണ്, സാധാരണക്കാരന്റെ ഈ പോരാട്ടത്തില്‍ ഈ സഭയിലെ ഏതെല്ലാം അംഗം കൂടെയുണ്ടാകും. ഈ പോരാട്ടം രാജ്യത്ത് നിന്നും അഴിമതി രാഷ്ട്രീയത്തെ തുടച്ചു നീക്കി സത്യത്തിന്റെ രാഷ്ട്രീയം കൊണ്ടുവരാനുള്ളതാണ്. ആം ആദ്മി ഉയര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ 17 കാര്യങ്ങള്‍ ഇന്ന് സഭയ്ക്ക് മുന്നില്‍ വയ്ക്കുന്നു. ആരൊക്ക അനുകൂലിക്കുമെന്ന നോക്കാം.

ഈ രാജ്യത്തിനകത്ത് വിചിത്രമായ വിഐപിഭരണമുണ്ട്. ഒരു മന്ത്രി പോയാല്‍ മുഴുവന്‍ ട്രാഫികും പിടിച്ചു നിര്‍ത്തും. എന്തിനാണ് പിടിച്ചു നിര്‍ത്തുന്നത്. പറയുന്നത് മന്ത്രിയുടെ സമയം വളരെ വിലപ്പെട്ടതാണ്. ട്രാഫിക് ലൈറ്റിനു മുന്നില്‍ നിന്നാല്‍ അദേഹത്തിന്റെ സമയം നഷ്ടപ്പെടും. ഞാന്‍ വളരെ സാധാരണക്കാരനാണ്. കഴിഞ്ഞ ആറു ദിവസമായി ഞാന്‍ ട്രാഫിക് ലൈറ്റില്‍ നില്‍ക്കാറുണ്ട്. എന്റെ സമയം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. പറയുന്നത് അവരുടെ സുരക്ഷയ്ക്ക് പ്രശ്‌നമാണ്. നോക്കൂ, എപ്പോള്‍ വരെ മുകളിലിരിക്കുന്നവന്‍ ആഗ്രഹിക്കുന്നുവോ അതുവരെ നിങ്ങളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാവോ മുകളിലിരിക്കുന്നവന്റെ ആഗ്രഹം അവസാനിക്കുന്നത് , ഈ ലോകത്തിന്റെ മുഴുവന്‍ ചരിത്രമെടുത്ത് നോക്കാം, ആര്‍ക്കും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല എത്ര ബോഡി ഗാര്‍ഡ് ഉണ്ടായിരുന്നാലും. ഇതിനാല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഡല്‍ഹിയില്‍ നിന്നും ഈ രാജ്യത്ത് നിന്നും വിഐപി സംസ്‌കാരം ഇല്ലാതാകണം. രണ്ടാമത്തെ ആവശ്യം ജനലോക്പാല്‍ ബില്ലാണ്. ഹര്‍ഷ്വര്‍ദ്ധന്‍ സര്‍ പറഞ്ഞു ഡല്‍ഹിയില്‍ ഒരു ലോകായുക്ത ഉണ്ട്. എന്നാല്‍ അത് വളരെ ദുര്‍ബലമാണ് സര്‍. ആ നിയമം വച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. ഡല്‍ഹിയില്‍ അഴിമതിയ്‌ക്കെതിരെ കര്‍ശനമായ നിയമം വരണം. ആരെങ്കിലും അഴിമതി ചെയ്യണമെന്ന് കരുതിയാല്‍ അവരുടെ രോമം പോലും വിറയ്ക്കുന്ന നിയമം വരണം. അഴിമതിക്കാര്‍ എത്രയും പെട്ടെന്ന് ജയിലിലാകണം, കഠിന ശിക്ഷയും ലഭിക്കണം. ഇന്ന് ഈ രാജ്യത്തെ സാധാരണക്കാരന്‍ ഒരു സര്‍ക്കാര്‍ കാര്യം ചെയ്യാന്‍ പോയാല്‍ പണം നല്‍കണം. പണമില്ലാതെ ഒന്നും നടക്കില്ല. കൃത്യസമയത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ഈ നിയമത്തിനുള്ളില്‍ വ്യവസ്ഥ വേണം. നിശ്ചിത സമയത്തിനുള്ളില്‍ ജോലി നടന്നില്ലെങ്കില്‍ ആ ഉദ്യോഗസ്ഥനു മേല്‍ എന്തെങ്കിലും പിഴ തീര്‍ച്ചയായും വേണം."

--------------------------------

No comments:

Post a Comment

Tools in effective teaching.

Here are 10 teaching strategies for effectively teaching MBA students different concepts of Operations: 1. Case Study Analysis:    - Use rea...

My popular posts over the last month ..